ശിവമോഗയിലെ കൊലപാതകം; സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാൻ മംഗളൂരു പൊലീസിൽ പ്രത്യേക സെൽ

മംഗളൂരു > സാമൂഹ്യ മാധ്യമങ്ങൾ വഴി വിഷലിപ്‌തമായ വർഗീയ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താനായി മാത്രം മംഗളൂരു കമ്മീഷണർ ഓഫീസിൽ പ്രത്യേക സെൽ പ്രവർത്തനം ആരംഭിച്ചു. വിവിധ സംഘടനകളുടെ നൂറിലധികം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പേജുകളും സെൽ നിരന്തരം നിരീക്ഷിച്ചു വരുന്നു. കൂടാതെ നേരത്തെ വർഗീയ പ്രചാരണത്തിനും കലാപ ആഹ്വാനത്തിനും പിടിയിലായവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള ആയിരത്തിലധികം പേരുടെ ഫേസ്ബുക്ക് , വാട്സ് അപ്പ് , ഇൻസ്റ്റാഗ്രാം , ടെലഗ്രാം അക്കൗണ്ടുകൾ സെല്ലിന്റെ നിരീക്ഷണത്തിലാണ്.
ശിവമോഗയിൽ ബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവിൽ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്ത എം ജി റോഡിലെ കോളെജിൽ പഠിക്കുന്ന ഒരു സംഘം വിദ്യാർഥികളുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ സെൽ ഉടനെ കണ്ടെത്തി. ഉടനെ വിദ്യാർഥികളെ കണ്ടെത്തിയ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. പിന്നാലെ പൊലീസ് കമ്മീഷണർ ശശികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നഗരത്തിൽ റൂട്ട് മാർച്ച് നടത്തി.
നേരത്തെ പല തവണ സാമൂഹ്യ വിരുദ്ധ ശക്തികൾ സാമൂഹ്യ മാധ്യമങ്ങൾ വിഷലിപ്‌ത പ്രചാരണങ്ങൾ നടത്തി മംഗളൂരുവിൽ അക്രമപ്രവർത്തനങ്ങൾ ഇളക്കി വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സെൽ ദിനം പ്രതി നിരീക്ഷണം നടത്തുന്നനെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കർ പറഞ്ഞു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിരീക്ഷണം. ഹിജാബ് ഉപയോഗത്തിനെതിരെ കാവിഷാൾ പ്രതിഷേധവുമായി സംഘപരിവാർ രംഗത്ത് ഇറങ്ങിയതോടെ കർണാടകത്തിലാകമാനം സംഘർഷവസ്ഥയുണ്ട്.

