ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം; രവീന്ദ്ര ജദേജ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ടെസ്റ്റ് റാങ്കിങ്ങിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനം കൈയടക്കി രവീന്ദ്ര ജദേജ. മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ജദേജയുടെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനം സമ്മാനിച്ചത്.
ആദ്യ ഇന്നിങ്സില്‍ പുറത്താകാതെ 175 റണ്‍സെടുത്ത ജദേജ, രണ്ടു ഇന്നിങ്സുകളിലുമായി ഒമ്ബത് വിക്കറ്റുകളും നേടി. 2021 മുതല്‍ വെസ്റ്റിന്‍ഡീസിന്റെ ജെയ്സണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ രവീന്ദ്ര ജദേജയുടെ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാക്കിയതെന്ന് ഐ.സി.സി പത്രക്കുറിപ്പില്‍ അറിയിച്ചു.
മത്സരത്തിലെ മികച്ച താരവും ജദേജയായിരുന്നു. ഇന്നിങ്സിലും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. 2017 ആഗസ്റ്റിലും ജദേജ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തിയിരുന്നു.

