KSDLIVENEWS

Real news for everyone

ഇല്ലിത്തോട് സ്ഫോടനം : റബർ മരങ്ങളും കുറ്റിച്ചെടികളും കഷ്ണങ്ങളായി , ആറടിയോളം ഭൂമി താണു

SHARE THIS ON

കാലടി
അത്യുഗ്രസ്ഫോടനത്തില്‍ ഞെട്ടിവിറച്ചാണ് ഇല്ലിത്തോട് ഗ്രാമം തിങ്കളാഴ്ച ഉണര്‍ന്നത്. മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള പാറമടയിലുണ്ടായ സ്ഫോടനവും രണ്ട് തൊഴിലാളികളുടെ ദാരുണമരണവും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മലയാറ്റൂര്‍–-നീലീശ്വരം പഞ്ചായത്തിലെ ആറാംവാര്‍ഡിലാണ് സ്ഫോടനം നടന്ന വിജയ ക്വാറി.

1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാര്‍ക്ക വീട് പൂര്‍ണമായും തകര്‍ന്നു. വീടിരുന്ന സ്ഥലം ആറടിയോളം താണുപോയി. റബര്‍ മരങ്ങളും കുറ്റിച്ചെടികളും കഷണങ്ങളായി. വീടിന്റെ അസ്തിവാരവും ഭിത്തികളും ചിന്നിച്ചിതറി. 100 മീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ച്ചില്ലുകള്‍ സ്ഫോടനത്തിന്റെ ശക്തിയില്‍ പൊട്ടിവീണു. ചില വീടുകള്‍ക്ക് നേരിയ വിള്ളലും വീണു. സ്ഫോടനശബ്ദം നാലു കിലോമീറ്റര്‍വരെ എത്തി.

സംഭവമറിഞ്ഞ് സബ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ആലുവ തഹസില്‍ദാര്‍ പി എന്‍ അനി, പെരുമ്ബാവൂര്‍ ഡിവൈഎസ്പി ബിജുമോന്‍ എന്നിവര്‍ സ്ഥലത്തെത്തി. പാറമട നടത്തിപ്പുകാരായ റോബന്‍ ജോസഫ്, പി ഡി ബെന്നി എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പൊലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലം പരിശോധിച്ചു.

ഇല്ലിത്തോട് സ്ഫോടനത്തെക്കുറിച്ച്‌ തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും നിയമലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ സാമ്ബത്തികസഹായം നല്‍കണമെന്നും സിപിഐ എം മലയാറ്റൂര്‍–-നീലീശ്വരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഭൂമികുലുക്കമെന്ന് ആദ്യം തോന്നി: – ഷെരീഫ്
കെ ഡി ജോസഫ്
‘ഭൂമി കുലുങ്ങി എല്ലാവരും മരിക്കുകയാണെന്നാണ് തോന്നിയത്. കണ്ണില്‍ ഇരുട്ടുമൂടി. ചെവി അടഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞുപോയി’–- മലയാറ്റൂരിലെ പാറമടയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഭയന്ന സമീപവാസിയായ കടപ്ലായ്ക്കല്‍ ഷെരീഫിന് വാക്കുകള്‍ മുറിഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഇല്ലിത്തോട്ടിലെ വിജയ പാറമടയിലുണ്ടായ സ്ഫോടനം ഷെരീഫിനെമാത്രമല്ല, മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെയും ചകിതരാക്കി. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഷെരീഫിന് ആദ്യം ഭൂമികുലുക്കമെന്ന് തോന്നിയെങ്കിലും പിന്നീട് അതല്ലെന്ന് മനസ്സിലായി. അയല്‍വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. പിന്നെ ധൈര്യം സംഭരിച്ച്‌ സ്ഫോടനം നടന്ന വീട്ടിലെത്തി. പുകപടലങ്ങള്‍ മാറിക്കഴിഞ്ഞപ്പോള്‍ രണ്ടു മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഭയപ്പെടുത്തുന്ന കാഴ്ച. 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പൂര്‍ണമായും തകര്‍ന്നടിഞ്ഞുകിടക്കുന്നു.

പാറമട പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പത്തിലധികം വര്‍ഷം കഴിഞ്ഞെന്ന് ഷെരീഫ് പറഞ്ഞു. പാറമടയ്ക്കെതിരെ പലതവണ പരാതി നല്‍കി. 150 വരെ ലോഡാണ് മടയില്‍നിന്ന് കയറ്റിപ്പോകുന്നത്. പാറക്കഷണങ്ങള്‍ തെറിച്ച്‌ സമീപത്തെ വീടുകളുടെ ചുമരുകള്‍ക്ക് പൊട്ടലും വിള്ളലും സംഭവിക്കാറുണ്ട്. ശക്തിയേറിയ സ്ഫോടകവസ്തുക്കളാകാം ഇത്ര വലിയ സ്ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു.

മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥിത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷിക്കും. തഹസില്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സ്പ്ലോസീവ്സ് ആക്ടിലെ ഒമ്ബതാം വകുപ്പനുസരിച്ചാണ് അന്വേഷണം.

അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതില്‍ ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്തിരുന്നത്. മഴയെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കളുടെ വലിയ ശേഖരം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കണിമംഗലത്താണ് സൂക്ഷിച്ചിരുന്നത്. ലൈസന്‍സോടെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!