കളമശ്ശേരി അപകടം; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായോ? അന്വേഷണം

എറണാകുളം: കളമശ്ശേരി (kalamassery landslide) കിന്‍ഫ്ര പാര്‍ക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തില്‍ മരിച്ച നാല് പേരുടേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോണ്‍ട്രാക്ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇത് ഉള്‍പ്പെടെ എല്ലാ വശവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. അഗ്നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അപകടത്തില്‍ മരിച്ച നാലുപേരുടേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് നടപടികള്‍ തുടങ്ങുക. മൃതദേഹം നാളെ വിമാന മാര്‍ഗ്ഗം നോര്‍ത്ത് 24 പര്‍ഗാനാസിലേക്ക് കൊണ്ടുപോകും. തൊഴില്‍ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി.

