സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരം; പ്രതിപക്ഷം നന്ദിഗ്രാമിന് ശ്രമിക്കുന്നെന്നും കോടിയേരി

തിരുവനന്തപുരം: കെ റെയില്‍ (K Rail) സില്‍വര്‍ ലൈന്‍ (Silverline) പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
സിപിഐ രാജ്യസഭാസീറ്റ് വില പേശി വാങ്ങിയെന്നത് ശരിയല്ല. സിപിഐ വില പേശുന്ന പാര്‍ട്ടിയല്ല. എല്‍ഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനം എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്ര സഹായം കുറഞ്ഞു, വരുമാനം വേണം, സ്വകാര്യ മൂലധനത്തെ ആശ്രയിക്കും; നവകേരള രേഖ പൊതുസമൂഹത്തിന് മുന്നില്‍
നവകേരള രേഖ പൊതു സമൂഹത്തിന് മുന്നില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെ ഉയര്‍ത്തണമെന്നും അടിസ്ഥാന വര്‍ഗത്തേയും ഉയര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപെടലാണ് നവകേരള രേഖ ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ന്യായമായ പരിഗണന നല്‍കുന്നില്ല. സഹായം കുറയുകയാണ്. പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തേയും ആശ്രയിക്കണം. നാടിന്റെ താല്‍പ്പര്യം ഹനിക്കാത്ത വായ്പകള്‍ സ്വീകരിക്കും. നിബന്ധനകള്‍ പരിശോധിക്കണം. ശക്തമായ സാമൂഹ്യ നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാര്‍ത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാര്‍ഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവര്‍ധിത ഉല്‍പ്പന്നങള്‍ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് പൂര്‍ണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങള്‍ക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടര്‍ചക്ക് ദിശാബോധം നല്‍കാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എല്‍ഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എല്‍ഡിഎഫ് രേഖ സര്‍ക്കാര്‍ നടപ്പാക്കും. വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

