‘ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം’; ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹരജി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി. പണിമുടക്ക് ഭരണഘടനാ വിരദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പ് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹരജി നല്‍കിയത്. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി മാര്‍ച്ച് 28, 29 തിയതികളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ശനി, ഞായര്‍ ദിവസങ്ങളിലെ അവധിയും തുടര്‍ന്നുവരുന്ന പണിമുടക്കും കാരണം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല.

