KSDLIVENEWS

Real news for everyone

പിബിയില്‍ അഴിച്ചുപണി: എ കെ ബാലന് സാധ്യത

SHARE THIS ON

കണ്ണൂര്‍ : സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറൊയുടെ രൂപവും ഭാവവും മാറ്റാന്‍ ഒരുങ്ങുകയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എന്ന സൂചനയാണ് കണ്ണൂരില്‍ നിന്നുയരുന്നത്. ചരിത്രത്തിലാദ്യമായി ഒരു ദളിത് സമുദായാംഗം എത്തുമോ എന്നതാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നേരിടുന്ന മുഖ്യ ചോദ്യങ്ങളില്‍ ഒന്ന്. സിപിഐയില്‍ നിന്ന് വേര്‍ പിരിഞ്ഞ് സിപിഎം നിലവില്‍ വന്നത് 1964 ലാണ്. അറുപത് വയസ്സാവാന്‍ ഇനിയിപ്പോള്‍ രണ്ട് വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ദളിത് പ്രാതിനിധ്യം എന്ന ആവശ്യത്തോട് ഇനിയും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല എന്ന നിലപാട് സിപിഎമ്മിനുള്ളില്‍ ശക്തമാണ്.


കേരളത്തില്‍ നിന്നും എ കെ ബാലനാവാം ഈ ചരിത്ര മുഹൂര്‍ത്തത്തിലെ നായകന്‍ എന്ന് സൂചനയുണ്ട്. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ ബാലന്‍ പാര്‍ട്ടി തലത്തിലും ഭരണതലത്തിലും മികച്ച അനുഭവ സമ്പത്തുള്ള നേതാവാണ്. പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ 75 വയസ്സാണ് പ്രായപരിധി. വരുന്ന ഓഗസ്റ്റില്‍ ബാലന് 74 വയസ്സാവും. അതേസമയം എ വിജയരഘവന്‍ പിബിയിലേക്ക് വരേണ്ടതുണ്ടെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പ്രായപരിധി കടന്നതു കാരണം എസ് രാമചന്ദ്രന്‍ പിള്ളയും ഹനന്‍ മൊള്ളയും ബിമന്‍ ബോസും ഇത്തവണ പിബിയില്‍ നിന്ന് പുറത്തേക്ക് പോകുമെന്നുറപ്പാണ്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് പിബിയിലേക്ക് ഇടം കിട്ടുന്നതെങ്കില്‍ ബാലന്‍ പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. പിബിയിലേക്കുള്ള വരവിന് ബാലന് ലഭിക്കാവുന്ന അവസാനത്തെ അവസരമാണിത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതികളില്‍ അര്‍ഹമായ ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ടും അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ദളിത് പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഉന്നത അധികാര സമിതിയായ പോളിറ്റ് ബ്യൂറൊയില്‍ ഇത് വരെയായി ഒരു ദളിതന് ഇടം കിട്ടിയിട്ടില്ലെന്നത് സിപിഎം എക്കാലത്തും നേരിടുന്ന വിഷമസന്ധിയാണ്. സിപിഐ ജനറല്‍ സെക്രട്ടറിയായ ഡി രാജ ദളിതനാണെന്നതും സിപിഎം നേതൃത്വം തിരിച്ചറിയുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ കേരളഘടകത്തിലെ നേതൃനിരയ്ക്ക് അഭിമതനാണെന്നതും ബാലന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!