നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് പലതവണ കണ്ടു; കുരുക്ക് മുറുക്കി നിര്‍ണായക ശബ്ദരേഖകള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കുരുക്ക് മുറുക്കുന്ന തരത്തിലുള്ള കൂടുതല്‍ നിര്‍ണായക തെളിവുകളുമായി ശബ്ദരേഖ പുറത്ത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ എട്ടാംപ്രതിയായ ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന്‍ സുജേഷ് മേനോനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് ദൃശ്യങ്ങള്‍ ദിലീപ് പലതവണ കണ്ടുവെന്ന് പറയുന്നത്.
‘ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ദിലീപ് അഭിഭാഷകന് വിവരിച്ചുകൊടുത്തു’
മൂന്ന് ശബ്ദരേഖകളാണ് നിര്‍ണായക തെളിവുകളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ തുടരന്വേഷണം മൂന്നു മാസംകൂടി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ടെലഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയുള്ളത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍സംഭാഷണം സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍നിന്നാണ് വിളിച്ചിട്ടുള്ളത്. ഫോണില്‍ സംസാരിക്കുന്നത് ദിലീപാണെന്ന് വ്യക്തമാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
സുജേഷ് മേനോനും ദിലീപും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങള്‍ ദിലീപ് അഭിഭാഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ മെമ്മറി കാര്‍ഡുണ്ടെന്നതിന്റെ തെളിവായാണ് പ്രോസിക്യൂഷന്‍ ഈ സംഭാഷണം കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകനോട് ദിലീപ് ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ സംസാരിക്കുന്നുണ്ട്. ദിലീപിന്റെ കൈവശം എങ്ങനെ മെമ്മറി കാര്‍ഡ് എത്തിയെന്ന് ചോദിച്ച പ്രോസിക്യൂഷന്‍ ഈ ശബ്ദരേഖ കേസില്‍ നിര്‍ണായകമാണെന്നും വാദിക്കുന്നു.
ഡോക്ടറുടെ മൊഴിമാറ്റിക്കാന്‍ ഇടപെടല്‍
സഹോദരി ഭര്‍ത്താവ് സുരാജ് ആലുവയിലെ ആശുപത്രിയിലുള്ള ഡോ. ഹൈദരലിയുമായി സംസാരിക്കുന്ന സംഭാഷണമാണ് അന്വേഷണസംഘം സമര്‍പ്പിച്ച മറ്റൊരു ശബ്ദരേഖ. കേസില്‍ ആദ്യം പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഹൈദരലി പിന്നീട് കൂറുമാറുകയായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതിനുശേഷമാണ് കൂറുമാറിയതെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷന്‍ ഈ ശബ്ദരേഖ ഹാജരാക്കിയത്. നടിയെ ആക്രമിക്കുമ്ബോള്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന രീതിയിലുള്ള മൊഴി നല്‍കണമെന്നാണ് ഈ സംഭാഷണത്തില്‍ പറയുന്നത്.
ദിലീപിന്റെ സുഹൃത്ത് ശരത്തും സുരാജും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്ന മറ്റൊരു ശബ്ദരേഖ. സുരാജിന്റെ ഫോണില്‍നിന്ന് ലഭിച്ചതാണ് ഇത്. കാവ്യ കൂട്ടുകാരിക്ക് കൊടുത്ത പണിയാണിത്, കാവ്യയ്ക്കു വേണ്ടിയിട്ടാണ് ദിലീപ് ഈ കുറ്റം ഏറ്റെടുത്തതെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ചുകൊടുത്ത പണിയാണ് ഇത് എന്ന നിലയ്ക്കുള്ള സംഭാഷണവും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാവ്യയ്ക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖകളെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്.

