ബസ് തടഞ്ഞ് ലഹരിസംഘത്തിന്റെ വിളയാട്ടം; KSRTC ജീവനക്കാരെ ആക്രമിച്ചു, തോട്ടില്‍ തള്ളിയിട്ടു

തിരുവനന്തപുരം: വെള്ളനാട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ആക്രമിച്ചു. ലഹരിവില്‍പ്പന സംഘത്തില്‍ ഉള്‍പ്പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകില്‍ വന്നിരുന്നു. ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറഞ്ഞു. പിന്നാലെ ബസിന്റെ ബോഡിയില്‍ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിര്‍ത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു.
ഡ്രൈവറെയാണ് ആദ്യം ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മര്‍ദനത്തിനൊടുവില്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു

