സ്വിഫ്റ്റിന്റെ വരവ്: നഷ്ടപ്പെടുന്നത് കെ.എസ്.ആര്.ടി.സിയുടെ ലാഭ റൂട്ടുകള്‍

തിരുവനന്തപുരം: പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ‘സ്വിഫ്റ്റ്’ സ്വന്തമാക്കുന്നത് കെ.എസ്.ആര്.ടി.സിയുടെ ലാഭകരമായ അന്തര്‍ സംസ്ഥാന സര്‍വിസുകള്‍. ഒരു റൂട്ട് പോലും സ്വിഫ്റ്റ് പുതുതായി കണ്ടെത്തിയിട്ടില്ല. പകരം തമിഴ്നാടുമായും കര്‍ണാടകയുമായും വിവിധ കരാറുകളിലൂടെ കെ.എസ്.ആര്.ടി.സി നേടിയ റൂട്ടുകളില്‍ പുതിയ ബസ് ഓടിച്ച് വരുമാനമുണ്ടാക്കാനാണ് നീക്കം.
കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ നല്കിയ ധനവിഹിതം ഉപയോഗിച്ച് വാങ്ങിയ ബസുകള്‍ പുതിയ കമ്ബനിയുടെ പേരില്‍ സര്‍വിസ് നടത്തുന്നുവെന്നതല്ലാതെ പുതുമയൊന്നും സ്വിഫ്റ്റിന് അവകാശപ്പെടാനില്ല. കെ.എസ്.ആര്.ടി.സിക്കാകട്ടെ, ലാഭകരമായ റൂട്ടുകള്‍ കൈമോശം വരികയും ചെയ്യും.
നിലവിലെ ജീവനക്കാരെ ഉപയോഗപ്പെടുത്താതെ സ്വന്തമായി കരാര്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിച്ചാണ് സ്വിഫ്റ്റിന്റെ ഓപറേഷന്. കെ.എസ്.ആര്.ടി.സിയിലെ സേവന വേതന വ്യവസ്ഥകളൊന്നും ഇവിടെ ബാധകവുമല്ല. ഫലത്തില്‍ മറ്റ് തൊഴില്‍ ബാധ്യതകളില്ലാതെ കരാര്‍ തൊഴിലിന്റെ ആനുകൂല്യത്തില്‍ ലാഭക്കണക്ക് എഴുതിച്ചേര്ക്കാമെന്നതാണ് മാനേജ്മെന്റ് കണക്കുകൂട്ടല്‍. അന്തര്‍ സംസ്ഥാന പാതകളില്‍ സ്വകാര്യബസുകള്‍ കൈയടക്കിയിരുന്ന റൂട്ടുകള്‍ സ്വിഫ്റ്റിലൂടെ തിരിച്ചുപിടിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ നേരത്തേയുള്ള അവകാശവാദം.
നിരത്തിലുള്ള ഓടിപ്പഴകിയ സെമി സ്ലീപ്പര്‍ ബസുകള്‍ക്കു പകരം സ്വീപ്പര്‍ ബസുകള്‍ എത്തിയെന്നതല്ലാതെ ഇതിലും കാര്യമായ മാറ്റമില്ല. പുതിയ സ്ലീപ്പറുകള്‍ കെ.എസ്.ആര്.ടി.സിക്ക് കീഴില്‍ ഓടിച്ചാലും ജീവനക്കാരുടെ വേതനക്കാര്യത്തിലല്ലാതെ വരുമാനക്കാര്യത്തില്‍ വലിയ മാറ്റവുമുണ്ടാകില്ല. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ് തുടങ്ങിയ 1250 ഓളം സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വിസുകളാണ് കെ.എസ്.ആര്.ടി.സിക്ക് പ്രധാനമായും വരുമാനം നേടിക്കൊടുക്കുന്നത്.
ഓര്‍ഡിനറി സര്‍വിസുകളില്‍ താരതമ്യേന കലക്ഷന്‍ കുറവാണ്. സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ഓടുന്നവയടക്കം ഓര്‍ഡിനറി സര്വിസുകളിലുണ്ട്. ദീര്‍ഘദൂര സര്‍വിസുകളില്‍ നിന്നുള്ള ലാഭത്തില്‍ നിന്നാണ് ഓര്‍ഡിനറി സര്‍വിസ് വഴിയുള്ള നഷ്ടം നികത്തുന്നത്. വരുമാനം കൂടിയ സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ പ്രത്യേക കമ്ബനിക്ക് കീഴിലാക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് നഷ്ടത്തിലുള്ള സര്‍വിസുകള്‍ മാത്രമാകും. മാത്രമല്ല, റൂട്ട് കൈമാറ്റത്തിലൂടെ കുറഞ്ഞത് 750 ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്.

