ലൗ ജിഹാദ് വിവാദം;പാര്‍ട്ടി പിന്തുണ ഉറപ്പ് തന്നുവെന്ന് ഷെജിന്‍,മതം മാറാന്‍ സമ്മര്‍ദമില്ലെന്ന് ജോയ്സ്ന

ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ നേതാവ് എം.എസ് ഷെജിനും ജോയ്സ്ന മേരി ജോസഫും. പ്രണയിക്കുന്ന ആളുമായി ഒന്നിച്ച് ജീവിക്കാനായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്ന് ഇറങ്ങിവന്നതെന്ന് ജോയ്സ്ന പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജോയ്സ്ന ഇറങ്ങിവന്നതെങ്കില്‍ വിവാഹം ചെയ്യാനും ഒന്നിച്ച് ജീവിക്കാനും പാര്‍ട്ടിയുടെ പിന്തുണയും സംരക്ഷണവും ഉണ്ടാവുമെന്നാണ് പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയതെന്ന് ഷെജിനും വ്യക്തമാക്കി.
ഷെജിനെ നേരത്തെ പരിചയമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്പരം പ്രണയത്തിലായത്. ഒന്നിച്ച് ജീവിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നു. ഇത്ര രൂക്ഷമായ പ്രശ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. മതം മാറാന്‍ ഷെജിന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. മരിക്കുന്നത് വരെ എന്റെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും എനിക്കുണ്ടെന്നും ജോയ്സ്ന പറഞ്ഞു.
തനിക്കെതിരെ മൃഗീയമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് ഷെജിന്‍ പറഞ്ഞു. ലൗ ജിഹാദ് എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ജോയ്സ്ന അവളുടേയും ഞാന്‍ എന്റേയും മതത്തില്‍ തുടരും. സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തി വിദ്വേഷപ്രചാരണം നടത്താനാണ് ചിലരുടെ ശ്രമം. തീവ്രസ്വഭാവമുള്ള ചില സംഘടനകളും ആളുകളുമാണ് ഇതിന് പിന്നിലുള്ളത്. പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര് ഒന്നിച്ച് ജീവിക്കുന്നതിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നത് അപരിഷ്കൃതമാണ്.

