കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്തേക്കും

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെ ബുധനാഴ്ച ആലുവയിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാന്‍ സാധ്യത. ഏറെ നേരത്തെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയുണ്ടായത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആലുവയിലെ ഭര്‍തൃവീടായ ‘പത്മസരോവര’ത്തിലെത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അനിശ്ചിതത്വം തുടരുന്നതിനിടെ കാവ്യ ചെന്നൈയില്‍നിന്ന് എത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തില്‍ കാവ്യയെ അറിയിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റിയെന്ന സൂചനകള്‍ പുറത്തുവന്നു. കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ വീട്ടില്‍ വെച്ച് ശബ്ദരേഖയുള്‍പ്പെടെ കേള്‍പ്പിച്ചുള്ള വിവരശേഖരണം അന്വേഷണത്തെ ബാധിക്കുമെന്ന ക്രൈംബ്രാഞ്ച് വിലയിരുത്തല്‍ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടറെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിയമോപദേശവും നല്കി.
അതേസമയം, ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരീ ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരുവരുടെയും വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടത്. സുരാജിന്റെ ഉള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

