ദേശീയപാത വികസനത്തിനായി മൊഗ്രാൽ പുത്തൂർ കുന്നിൽ സൂഫി ബാബ ദർഗയിലെ ഖബറിടം മാറ്റി

കാസർകോട് : ദേശീയപാത വികസനത്തിന് വഴിയൊരുക്കി മൊഗ്രാൽ പുത്തൂർ കുന്നിൽ സൂഫി ബാബ ദർഗയിലെ ഖബറിടം മാറ്റി. ദേശീയപാതക്കരികിലുള്ള ദർഗയുടെ മൂന്ന് സെന്റ് ഭൂമിയും അതിലുള്ള കെട്ടിടവും ദേശീയപാത വികസനത്തിനായി വിട്ടുനൽകുന്നതിന്റെ ഭാഗമായാണ് ഖബർ നീക്കംചെയ്‌തത്. 19,93,524 രൂപ നഷ്ടപരിഹാരമായി വഖഫ് ബോർഡിന് ലഭിച്ചു. ദേശീയപാത വികസനത്തിൽ തലപ്പാടി–-ചെങ്കള റീച്ചിൽ വരുന്നതാണ് പ്രദേശം. കുന്നിൽ ബദർ ജുമാ മസ്‌ജിദ് കമ്മിറ്റിക്കായിരുന്നു ദർഗയുടെ പരിപാലനം. സമസ്‌ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പള്ളിക്കമ്മിറ്റി ഉപദേശ സമിതി ചെയർമാൻ കുമ്പോൾ സയ്യിദ് ആറ്റക്കോയ തങ്ങളുടെയും നിർദേശപ്രകാരമാണ് കമ്മിറ്റി ജനറൽബോഡി തീരുമാനമെടുത്തതെന്ന് സെക്രട്ടറി സി എം ഉസ്‌മാൻ പറഞ്ഞു. ഖത്തീബ് താജുദ്ദീൻ ദാരിമി പടന്നയുടെ നേതൃത്വത്തിലാണ് പള്ളിക്കമ്മിറ്റി ഭാരവാഹികൾ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. ദേശീയപാത വികസനത്തിനും സിൽവൽലൈനിനും തൊടുന്യായങ്ങൾ പറഞ്ഞ് തടസ്സം നിൽക്കുന്നവർക്ക് വഴികാട്ടുകയാണ് സൂഫി ബാബ ദർഗ. 100 വർഷത്തിലേറെ പഴക്കമുള്ളതാണ് ഖബർ. റെയിൽവേ ജോലിക്ക് വന്ന തമിഴ്നാട്ടിൽനിന്നുള്ളയാളാണ് സൂഫി. റെയിൽവേയിൽ ജോലിചെയ്‌തിരുന്ന ബീരാന്റെ സമകാലികനായിരുന്നു സൂഫി. നാട്ടിലെങ്ങും പടർന്ന വസൂരി സൂഫിയുടെയും ജീവനെടുത്തു. സൂഫിയുടെ മയ്യത്ത് 100 വർഷംമുമ്പ് കുന്നിൽ പ്രദേശത്താണ് മറവുചെയ്‌തത്. റോഡരികിലെ ഖബറിലേക്ക് വാഹനത്തിൽ യാത്രചെയ്യുന്നവർ പണമിട്ട് പ്രാർഥിക്കാൻ തുടങ്ങി. പിന്നീടാണ് കുന്നിൽ ബദർ ജുമാ മസ്‌ജിദ് കമ്മിറ്റി സ്വകാര്യ വ്യക്തിയിൽനിന്ന് മൂന്ന് സെന്റ് സ്ഥലം വിലയ്‌ക്ക് വാങ്ങി ദർഗ വിപുലീകരിച്ചത്. നേർച്ചപ്പെട്ടിയിൽ ലഭിക്കുന്ന തുക പള്ളിക്കമ്മിറ്റി പാവപ്പെട്ടവരുടെ ചികിത്സ, പെൺകുട്ടികളുടെ വിവാഹം, വീടുനിർമാണം എന്നിവയ്‌ക്കാണ് ചെലവഴിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ പറഞ്ഞു.

