സുബൈർ വധം: രണ്ടാമത്തെ കാർ കണ്ടെത്തി; കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ

പാലക്കാട് ∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെടാൻ ഉപയോഗിച്ചതെന്നു കരുതുന്ന കാർ കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടർന്ന് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടു കാറുകളിലെത്തിയ കൊലയാളിസംഘം കൊലപാതകത്തിനു ശേഷം ഒരു കാർ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. അതേസമയം, സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ട്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ എഫ്ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആർ. ഇന്നു രാവിലെ പത്തു മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.

