കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍, പൊലീസ് എന്തെടുക്കുകയാണ്: കെ സുരേന്ദ്രന്‍

പാലക്കാട്ട് കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും ആ സമയത്ത് കേരളാ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടെ ആര്‍എസ്‌എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. മേലാമുറി വര്‍ഗീയ സംഘര്‍ഷമുണ്ടായ സ്ഥലമാണെന്നും അവിടെ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്താനോ തയാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറും പൊലീസും തീവ്രവാദ സംഘങ്ങള്‍ക്ക് കൊലപാതകം നടത്താന്‍ ഒത്താശ നല്‍കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങളില്‍ ഇടപെടേണ്ട രീതി മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മതഭീകരവാദ സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആര്‍എസ്‌എസ്സും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എന്നാല്‍ അവര്‍ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അവരോടാണോ ചര്‍ച്ച നടത്തേണ്ടതെന്നും എന്ത് കൊണ്ടാണ് ഇവരെ നിരോധിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട്ടുണ്ടായത് ആലപ്പുഴയിലേതിന് സമാനമായ സംഭവമാമെണന്നും പൊലീസിന് കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെങ്കിലും ഒരു ജാഗ്രതയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടും ക്രിമിനലുകള്‍ ആയുധവുമായി റോന്ത് ചുറ്റുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതക പരമ്ബരകള്‍ക്ക് കാരണമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
എസ്ഡിപിഐ നേതാവും ആര്‍എസ്‌എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട പാലക്കാട്ടേക്ക് കൂടുതല്‍ പൊലീസ്. എറണാകുളം റൂറലില്‍ നിന്ന് ഒരു ബറ്റാലിയന്‍ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി – 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. മൂന്ന് കമ്ബനി സേന ഉടന്‍ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനില്‍ കാന്ത് ഇദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എസ്ഡിപിഐ, ആര്‍എസ്‌എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കും. ജില്ലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേലാമുറിയില്‍ ആര്‍എസ്‌എസ് നേതാവിനെ ഇന്ന് ഉച്ചക്ക് വെട്ടിക്കൊന്നിരുന്നു. മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.
ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെയുള്ളതിനാല്‍ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസന്‍റെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഷിജോ എബ്രഹാമാണ് ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചത്.
അവസാനിക്കാത്ത കൊലപാതകങ്ങള്‍; സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേര്‍
അവസാനമില്ലാതെ സംസ്ഥാനത്തെ കൊലപാതക പരമ്ബരകള്‍. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ഇതില്‍ 83 പേര്‍ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.ഇതില്‍ 83 പേര്‍ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍.2019 മുതല്‍ 2022 വരെ മാര്‍ച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പ്രകാരം 2019 ല്‍ 319 പേരും 2020 ല്‍ 318 പേരും 2021 ല്‍ 353 പേരും കൊല്ലപ്പെട്ടു.
2022 മാര്‍ച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറല്‍ പൊലീസ് പരിധിയിലാണ് കൂടുതല്‍ പേര്‍ കൊലകത്തിക്ക് ഇരയായത്. 107 പേര്‍. കൂടുതല്‍ കൊലപാതകകേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഇവിടെ തന്നെ. സംഘടിത ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ രണ്ട് പേരുംകൊലകേസുകളില്‍ പ്രതികളായി. ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായി 38 പേരുടെ ജീവനും കൊലപാതകികള്‍ കവര്‍ന്നു.

