ആൾ ദൈവത്തെ ഹെലികോപ്റ്ററിൽ പൊക്കി പോലീസ്

മോസ്കോ: യേശു ക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിച്ച ആള്‍ദൈവത്തെ കയ്യോടെ പൊക്കി റഷ്യന്‍ പൊലീസ്. സെര്‍ജി ടോറൊപ് (59) ആണ് പിടിയിലായത്.
യേശു ക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്നും പറഞ്ഞ് വിശ്വാസികളെ കൈയിലെടുത്ത് അവരെ മാനസികമായി ചൂഷണം ചെയ്ത സെര്‍ജി അവരില്‍ നിന്ന് പണം തട്ടിയെടുത്തിരുന്നു.
സൈബീരിയയില്‍ വച്ച് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തില്‍ ഹെലികോപ്ടറുകളുടെയും സായുധ സേനയുടെയും അകമ്ബടിയോടെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് അനുയായികള്‍ക്കിടെയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. സെര്‍ജിയെ ഹെലികോപ്ടര്‍ വഴിയാണ് സൈബീരിയയില്‍ നിന്നും പൊലീസ് കൊണ്ടുപോയത്. ഒരു മുന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ സെര്‍ജി അനുയായികള്‍ക്കിടെയില്‍ ‘ വിസാരിയോണ്‍ ‘ എന്നാണ് അറിയപ്പെട്ടിരുന്നത്.
മുടിയും താടിയും നീട്ടി വളര്‍ത്തി, യേശുവിന്റെ രൂപത്തിലും ഭാവത്തിലുമെത്തിയ ഇയാള്‍ അനുയായികളെ മാനസികമായി തന്റെ അടിമകളാക്കി മാറ്റുകയായിരുന്നു. 1989ല്‍ ട്രാഫിക് പൊലീസിലെ ജോലി പോയ സെര്‍ജിയ്ക്ക് ഒരു പ്രത്യേക ‘ ബോധോദയം ‘ ഉണ്ടായതായും തുടര്‍ന്നാണ് 1991ല്‍ ‘ ദ ചര്‍ച്ച് ഒഫ് ലാസ്റ്റ് ടെസ്റ്റമെന്റ് ‘ എന്ന സംഘടന രൂപീകരിച്ച് സ്വയം ആത്മീയ നേതാവായെന്നുമാണ് പറയുന്നത്.
വളരെ വേഗം ശക്തനായ ആത്മീയ നേതാവായി വളര്‍ന്ന സെര്‍ജിയ്ക്ക് സൈബീരിയന്‍ വനാന്തര മേഖലയില്‍ 20 ഓളം ആരാധനാലയങ്ങളും 4,000 ത്തിലധികം അനുയായികളുമുണ്ട്.
സെര്‍ജിയുടെ ജന്മദിനമായ ജനുവരി 14നാണ് അയാളുടെ അനുയായികള്‍ ക്രിസ്‌മസ് ആചരിച്ചിരുന്നത്. യേശു ഭൂമിയോടടുത്തുള്ള ഒരു ഭ്രമണപഥത്തില്‍ നിന്നും യേശു മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടെന്നും കന്യാമറിയമാണ് റഷ്യയെ നയിക്കുന്നതെന്നുമായിരുന്നു സെര്‍ജി ആദ്യം അനുയായികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച തത്വം. എന്നാല്‍ വൈകാതെ ‘ഞാനാണ് യേശു” എന്ന് ഇയാള്‍ പ്രഖ്യാപിക്കുകയായിരുന്നു.

