KSDLIVENEWS

Real news for everyone

കുമ്പഡാജെ മൗവാറിൽ പതിനേഴുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് ഏഴ് വർഷം കഠിനതടവും പിഴയും ശിക്ഷ

SHARE THIS ON

കാസർകോട്: കുമ്പടാജെ മൗവ്വാർ പൊടമ്പളയിൽ സുഹൃത്തായ 17-കാരനെ ഇരുമ്പ് ഹാൻഡിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷവിധിച്ചു. കുമ്പടാജെ മൗവാറിലെ ഒടമ്പള ഹൗസിൽ മുരളി കൃഷ്ണനെ (23) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഒന്ന് ടി.എച്ച്. രജിത ശിക്ഷിച്ചത്. രണ്ട്‌ വകുപ്പുകളിലായി ഏഴുവർഷം കഠിനതടവും 60,000 രൂപ പിഴയുമാണ് ശിക്ഷ.

2023 ഫെബ്രുവരി 25-ന് രാവിലെ 10.45-ന് പ്രതിയുടെ വീടിന്‌ മുകൾഭാഗത്തുള്ള റബ്ബർ തോട്ടത്തിലെ മൺറോഡിൽവെച്ച് കരണിനെ(17)യാണ് ഇരുമ്പ് ഹാൻഡിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. മുരളി കൃഷ്ണ ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.

കേസിൽ ഒന്നുമുതൽ 10 വരെയുള്ള സാക്ഷിമൊഴികളും 15-ഓളം രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ബദിയടുക്ക പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ കെ.പി. വിനോദ്കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനുവേണ്ടി ഇ. ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!