വിഷബാധയേറ്റ് കോമയിലായിരുന്ന റഷ്യൻ പ്രതിപക്ഷനേതാവ് നവാൽനി ആശുപത്രി വിട്ടു

ബെര്‍ലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവും, പ്രസിഡന്റ് വ്ളാഡിദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവല്‍നി തിരികെ ജീവിതത്തിലേക്ക്.അതി മാരകമായ രാസവിഷബാധയേറ്റ് ആഴ്ചകളായി ജര്‍മ്മനിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പൂര്‍ണ രോഗമുക്തി നേടിയതായും ഇന്നലെ വൈകിട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 32 ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. രണ്ടാഴ്ചയോളം കോമയിലായിരുന്നു.
ആഗസ്റ്റ് 20ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് വിഷബാധയേറ്റത്. വിമാനത്താവളത്തില്‍ അദ്ദേഹം കുടിച്ച ചായയില്‍ വിഷം കലര്‍ന്നിരുന്നുവെന്നാണു കരുതുന്നത്. വിമാനം അടിയന്തരമായി നിലത്തിറക്കി നവല്‍നിയെ സൈബീരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബെര്‍ലിനിലേക്ക് മാറ്റുകയായിരുന്നു.
സൈബീരിയയിലെ ഡോക്ടര്‍മാര്‍ വിഷബാധ ആരോപണം തള്ളിയിരുന്നു. എന്നാല്‍ ബെര്‍ലിനിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നവല്‍നിയുടെ ശരീരത്തില്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് റഷ്യ ശത്രുക്കള്‍ക്കെതിരെ പ്രയോഗിച്ചിരുന്ന ‘നോവിചോക്’ എന്ന കൊടിയ രാസവിഷം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
പുടിന്‍ അനുയായികള്‍ പലപ്പോഴായി നവല്‍നിയെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ പുടിനാകട്ടെ, നേരിട്ട് ഇതുവരെ അലക്സി നവല്‍നി എന്ന പേര് പരാമര്‍ശിക്കുക പോലുമില്ല. എന്നാല്‍ ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാര്‍ പലരും റഷ്യയോട് നവല്‍നി വിഷയത്തില്‍ ഒരു പ്രതികരണം ആരായുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ പുടിന്‍ പ്രതികരിച്ചേക്കാം.
‘ഫ്രാന്‍സിലെയും സ്വീഡനിലേയും രണ്ട് സ്വതന്ത്രലാബുകളില്‍ നടത്തിയ പരിശോധനയില്‍ എന്റെ ശരീരത്തില്‍ നോവിചോക്കിന്റെ സാന്നിദ്ധ്യം വ്യക്തമായി. ജര്‍മ്മനിയിലെ ആശുപത്രിയിലേക്ക് മാറ്റും മുമ്ബ് റഷ്യന്‍ അധികൃതര്‍ കൈവശപ്പെടുത്തിയ എന്റെ വസ്ത്രങ്ങള്‍ തിരിച്ചുതരണം. കാരണം അവയിലെ വിഷാംശം പ്രധാനപ്പെട്ട തെളിവാണ്.”നവല്‍നി ബ്ളോഗില്‍ കുറിച്ചു

