കരുത്തായി കാര്‍ത്തിക് ; ഇന്ത്യക്ക് 82 റണ്‍ ജയം, അഞ്ചാം ട്വന്റി-20 നാളെ

രാജ്കോട്ട് : ആദ്യ രണ്ട് കളികളിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ തിരിച്ചുവരവ്. ദക്ഷിണാ ഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി–-20യില്‍ 82 റണ്ണിന് ജയിച്ച് അഞ്ചുമത്സര പരമ്ബരയില്‍ 2–-2ന് ഒപ്പമെത്തി. ഞായറാഴ്ചയാണ് അവസാന മത്സരം. ആറാമനായി ക്രീസിലെത്തി 27 പന്തില്‍ 55 റണ്ണടിച്ച ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിജയശില്‍പ്പി. അരങ്ങേറി 15 വര്‍ഷത്തിനുശേഷം ആദ്യമായാണ് കാര്‍ത്തിക് അരസെഞ്ചുറി കണ്ടെത്തുന്നത്. രണ്ട് സിക്സറും ഒമ്ബത് ഫോറും ഈ മുപ്പത്തേഴുകാരന്‍ പായിച്ചു. ഇന്ത്യ കുറിച്ച 170 റണ്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 87ല്‍ അവസാനിച്ചു. പേസര്‍ ആവേശ് ഖാന്‍ നാല് വിക്കറ്റ് നേടി. സ്കോര്‍: ഇന്ത്യ 6–-169, ദ. ആഫ്രിക്ക 87 (16.5).
ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഋതുരാജ് ഗെയ്ക്വാദ് (5), ഇഷാന്‍ കിഷന്‍ (27), ശ്രേയസ് അയ്യര്‍ (4) എന്നിവര്‍ വേഗം മടങ്ങി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (23 പന്തില്‍ 17)വീണ്ടും നിരാശപ്പെടുത്തി. 4–-81 എന്ന നിലയില്‍നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ (31 പന്തില്‍ 46) കൂട്ടുപിടിച്ച് കാര്‍ത്തിക് നയിച്ചു.
മറുപടിയില്‍ കരുത്തുറ്റ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് കളംപിടിക്കാനായില്ല. പരിക്കുകാരണം ക്യാപ്റ്റന്‍ ടെംബ ബവുമ (8) ബാറ്റിങ് പൂര്‍ത്തിയാക്കാതെ കളംവിട്ടത് തിരിച്ചടിയായി. മൂന്നുപേര്‍മാത്രമാണ് രണ്ടക്കം കടന്നത്.

