KSDLIVENEWS

Real news for everyone

ലോകകേരള സഭ; യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം,ഞങ്ങള്‍ ഞങ്ങളുടെ നയം പറഞ്ഞു’;മുസ്ലിം ലീഗ്

SHARE THIS ON

തിരുവനന്തപുരം; ലോകകേരള സഭ ബഹിഷ്കരിച്ച യൂഡിഎഫ് നിലപാടിനെ ന്യായീകരിച്ചും, എം എ യൂസഫലിയുടെ വിമര്‍ശനത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്.

രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ സാഹചര്യം ആയതിനാലാണ് നേതാക്കള്‍ വിട്ടുനിന്നത്. ഇതെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ മാത്രം.യൂസഫ് അലി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം
ഞങ്ങള്‍ ഞങ്ങളുട നയം പറഞ്ഞു.യൂസഫ് അലി ആദരണീയ വ്യക്തിത്വമാണെന്നും ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.ലോക കേരള സഭയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെഎം ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കിയിരുന്നു . ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കളുടെ വിശദീകരണം.

ലോകകേരള സഭ: ‘പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്’? എം എ യൂസഫലി

ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക കേരള സഭക്ക് വന്ന പ്രവാസികള്‍ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തത്. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്ന് യൂസഫലി പറഞ്ഞു.

പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ധൂര്‍ത്തെന്ന് ആരോപിച്ച്‌ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച്‌ കാണിക്കരുത്. കെഎംസിസി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കള്‍ ഇല്ല, അണികള്‍ ഇല്ലെങ്കില്‍ പിന്നെന്ത് നേതാക്കള്‍ എന്നും യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാള്‍’; യൂസഫലിയെ വിമര്‍ശിച്ച്‌ കെഎം ഷാജി

പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയെ വിമര്‍ശിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ യൂസഫലി പ്രതിപക്ഷത്തെ വിമര്‍ശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തല്‍.

‘യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്’- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാല്‍ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!