വർഷങ്ങളായി പരിഹാരമില്ലാതെ ചന്ദ്രഗിരി ജംക‍്ഷനിൽ അപകടക്കുഴി

കാസർകോട്∙ യാത്രക്കാർ ഒന്നടങ്കം ചോദിക്കുന്നു, മഴ ശക്തമാകുന്നതിനു മുൻപേ ചന്ദ്രഗിരി ജംക‍്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ? വർഷങ്ങളായി ഇതുവഴി പോകുന്ന വാഹന യാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമോ? കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്താണ് അപകട കുഴിയുള്ളത്. വർഷം തോറും ഈ കുഴി രൂപപ്പെട്ടു വെള്ളം നിറയും. അപകടവും ഉണ്ടാകും. താൽക്കാലിക ആശ്വാസത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തും. പിന്നീട് ദിവസങ്ങൾക്കുള്ളിൽ ഇതു പഴയപടിയാകും.
ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ വലിയ ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ഇതിലൂടെയാണു പോകുന്നത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കുമാണ് ഇതിലൂടെ യാത്ര ഏറെ പ്രയാസമാകുന്നത്. വാഹനത്തിന്റെ അടിഭാഗം മണ്ണിൽ ഉരസുന്നതും ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഈ കുഴി അറിയാത്തതിനാൽ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. കുഴിയിൽ വീണു യന്ത്രഭാഗങ്ങൾ കേടായി വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്.
അധികൃതർ പറയുന്നത്
മഴയിൽ ഈ പാതയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണിത്. റോഡിൽ കുഴി ഉണ്ടാകുന്നത് ഉറവ ഉണ്ടാകുന്നതിനാലാണ് മഴയിൽ വെള്ളം നിറയുന്നതിനാൽ ടാറിങ് ഉൾപ്പെടെ ഇളകിയാണു റോഡ് തകരുന്നത്. ഇതിനൊരു ശാശ്വത പരിഹാരത്തിനുള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. ഒരു ലക്ഷം രൂപ ചെലവഴിച്ച് കുഴിയുടെ ഭാഗത്ത് ഇന്റർലോക്ക് ചെയ്യാനായിരുന്നു ആദ്യം തീരുമാനം. പിന്നീട് ഇതൊരു ശാശ്വത പരിഹാരം ആകില്ലെന്നു തിരിച്ചറിഞ്ഞതിനാൽ പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ജിസിബി (ഗ്രാന്റുലാം സബ് ബെയ്സ്) എന്ന മാർഗത്തിലൂടെ റോഡ് കുഴി നികത്താനാണ് ആലോചിക്കുന്നത്. ഇതിന് 8 ലക്ഷത്തോളം രൂപ വേണം. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയർക്കു കൈമാറിയിട്ടുണ്ട്. ഫണ്ട് ഉടൻ അനുവദിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തു, ജിസിബി ഉപയോഗിച്ച് കുഴി നികത്തി ഇന്റർലോക്ക് ചെയ്യും. ജിസിബി ഇട്ട് വാഹനങ്ങൾ പോകുന്നതിനു അനുസരിച്ച് നല്ല രീതിയിൽ ഉറച്ചതിനു ശേഷം ഇന്റർലോക്ക് ചെയ്യും.ഇതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണു കരുതുന്നത്.

