ടി ശിവദാസമേനോന് കേരളത്തിന്റ അന്ത്യാഞ്ജലി; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ടി ശിവദാസ മേനോന്റെ സംസ്കാരം ഇന്ന്. രാവിലെ പത്തരയോടെ മകള്‍ ലക്ഷ്മീദേവിയുടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ശിവദാസ മേനോന് അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന് തുടങ്ങിയവര്‍ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, പി കെ ശ്രീമതി തുടങ്ങിയവര്‍ ഇന്നലെ രാത്രി മഞ്ചേരിയിലെത്തി അന്ത്യജ്ഞലി അര്‍പ്പിച്ചിരുന്നു.
മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ടി ശിവദാസ മേനോന്. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ധന വകുപ്പും എക്സൈസ് വകുപ്പും കൈകാര്യം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ല്‍ ആണ് ആദ്യമായി മലമ്ബുഴയില്‍ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ എ തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോള്‍ തേടിയെത്തിയത് മന്ത്രി പദവി. പാര്‍ട്ടി അധികാരത്തിലെത്തിയ രണ്ട് തവണയും ശിവദാസ മേനോന് മന്ത്രിയായി. 91ല്‍ പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായിരുന്നു ടി.ശിവദാസ മേനോന്. 1993 മുതല്‍ 1996 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായിരുന്നു.
വിട വാങ്ങിയത് അണികളെ അച്ചടക്കം പഠിപ്പിച്ച മാഷ്
അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസ മേനോന് കര്‍ക്കശക്കാരനായ പൊതുപ്രവര്‍ത്തകനായിരുന്നു. ആ കാര്‍ക്കശ്യമാണ് എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് കൈമാറാന്‍ അദ്ദേഹത്തിന് തുണയായത്. ധനമന്ത്രിയായിരിക്കെ കിഫ്ബിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.
ഭാര്യ ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍ ടി.കെ.ലക്ഷ്മീദേവി, കല്യാണിക്കുട്ടി, മരുമക്കള്‍ കരുണാകര മേനോന്, സി.ശ്രീധരന് നായര്‍

