മക്കൾ മരിച്ചപ്പോൾ രാഷ്ട്രീയം വിട്ട ഏക്‌നാഥ്: രണ്ടാംവരവിൽ മഹാരാഷ്ട്രയുടെ നാഥൻ

മുംബൈ∙ 2019ൽ ഉപമുഖ്യമന്ത്രി പദം കണ്ടുതുടങ്ങിയ സ്വപ്നത്തിനും മുകളിലാണ് ഇപ്പോൾ ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ ഇനി ഏക്നാഥ് ഇരിക്കും. മഹാ വികാസ് അഘാഡി സർക്കാരിൽ അവഗണകളേറെ സഹിച്ചാണ് അദ്ദേഹം തുടർന്നത്. രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ ഏക്‌നാഥ് ഇനി മഹാരാഷ്ട്രയുടെ നാഥനാണ്.
TOP NEWS
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി
ഓട്ടോ ഡ്രൈവറായിരുന്ന ഷിൻഡെ 1980കളുടെ തുടക്കത്തിലാണ് ശിവസേനയിൽ സജീവമായത്. താനെ കോർപറേഷൻ അംഗമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. 2004ൽ ആദ്യമായി എംഎല്‍എയായി. 2000 ജൂണിൽ നടന്ന ബോട്ടപകടത്തിൽ രണ്ടു മക്കൾ മരിച്ചതോടെ ഷിൻഡെ രാഷ്ട്രീയം വിട്ടിരുന്നു. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണു വീണ്ടും രാഷ്ട്രീയത്തിലെത്തിയത്.
2004നു പുറമെ 2009, 2014, 2019 തിരഞ്ഞെടുപ്പുകളിലും ജയിച്ച് തുടർച്ചയായി നാലുവട്ടം എംഎൽഎയായി. രാജ് താക്കറെ, നാരായൺ റാണെ തുടങ്ങിയവർ പാർട്ടി വിട്ടപ്പോൾ ശിവസേനയിൽ കൂടുതൽ ശക്തനായി. 2014ൽ ബിജെപിയുമായി തെറ്റി ശിവസേന പ്രതിപക്ഷത്തായപ്പോൾ ഷിൻഡെ പ്രതിപക്ഷ നേതാവായി. പിന്നീട് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി.
മുംബൈ മലയാളികളുമായി അടുത്ത ബന്ധമാണു ഷിൻഡെയ്ക്കുള്ളത്. 2018 പ്രളയകാലത്ത് കേരളത്തിനു സഹായവുമായി ഷിൻഡെയെത്തിയിട്ടുണ്ട്. കല്യാൺ എംപിയും ഡോക്ടറുമായ മകൻ ശ്രീകാന്ത് ഷിൻഡെയ്ക്കൊപ്പം ടൺ കണക്കിന് അവശ്യവസ്തുക്കളുമായാണ് ഏക്നാഥ് ഷിൻഡെ കേരളത്തിലെത്തിയത്. മുംബൈ, താനെ മേഖലകളിലെ മലയാളികളുമായി അടുത്ത ബന്ധമാണ് ഷിൻഡെയ്ക്കുള്ളത്. തിരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ ഷിൻഡെ മലയാളത്തിലും നോട്ടിസുകൾ അച്ചടിക്കാറുണ്ട്

