ഇ.ഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി; ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ കാരണം വ്യക്തമാക്കേണ്ട

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി. 2002-ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളും ഇഡിയുടെ വിശാല അധികാരവും ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്. ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുറ്റാരോപിതന് ഇസിഐആര്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസിഐആര്‍ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, അറസ്റ്റിന്റെ സമയത്ത് മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

