KSDLIVENEWS

Real news for everyone

പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീന്‍ചിറ്റ്: മോന്‍സണില്‍നിന്ന് പണം കടം വാങ്ങിയതാണെന്ന് വിശദീകരണം

SHARE THIS ON

കൊച്ചി: വ്യാജപുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ടുനൽകി. പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി അടുത്തബന്ധം ഉണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ അവർക്ക് പങ്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻറെ സാന്നിധ്യത്തിലാണ് മോൻസണ്‌ 25 ലക്ഷം രൂപ കൈമാറിയതെന്ന ഹർജിക്കാരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ കെ. സുധാകരനെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജൻ ആണ് റിപ്പോർട്ട് നൽകിയത്. തട്ടിപ്പുകേസിൽ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഷെമീർ നൽകിയ ഹർജിയിലാണിത്. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കുന്നത് . ആഡംബരജീവിതം നയിച്ചിരുന്ന മോൻസന്റെ പേരിലുള്ളത് ചേർത്തലയിലുള്ള 28 സെന്റ് ഭൂമിയും വീടുംമാത്രമാണെന്നും റിപ്പോർട്ടിലുണ്ട്. കലൂരിലേത് വാടക വീടായിരുന്നു. ചേർത്തല കെ.എസ്.എഫ്.ഇ.യിൽ ഭാര്യയുടെയും മക്കളുടെയും പേരിൽ 22.5 ലക്ഷം രൂപയും ഉണ്ടായിരുന്നു. ഈ തുക കണ്ടുകെട്ടി. ആരോപണ വിധേയനായ ഐ.ജി. ജി. ലക്ഷ്മണയ്ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. എച്ച്.എസ്.ബി.സി. ബാങ്കിൽ തനിക്ക്‌ കോടികളുടെ നിക്ഷേപം ഉണ്ടെന്ന മോൻസന്റെ അവകാശവാദം തെറ്റായിരുന്നു. മോൻസണെതിരേ പന്തളം പോലീസിന് ലഭിച്ച പരാതിയിൽ നടന്ന അന്വേഷണത്തിൽ ജി. ലക്ഷ്മണ ഇടപെട്ടെന്ന ആരോപണം സത്യമാണ്. റിട്ട. ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ വീട്ടിലേക്ക്‌ 15 ലക്ഷം രൂപ കൊണ്ടുപോയെന്ന് ചോദ്യംചെയ്തവർ പറഞ്ഞിട്ടില്ല. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഹർജിക്കാരൻ മോൻസണ്‌ 25 ലക്ഷം രൂപ കൈമാറിയെന്ന ആരോപണത്തിനും തെളിവില്ല. മോൻസണും എസ്. സുരേന്ദ്രനും തമ്മിൽ അടുത്തബന്ധം ഉണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഐ.ജി. ജി. ലക്ഷ്മണയും ചേർത്തല ഇൻസ്പെക്ടർ ആയിരുന്ന പി. ശ്രീകുമാറും സസ്പെൻഷനിലാണ്. തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഇൻസ്പെക്ടറായി സ്ഥലം മാറ്റിയ എ. അനന്തലാൽ മോൻസണിൽനിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് വാദം. വയനാട് മേപ്പാടി ഇൻസ്പെക്ടർ ആയിരുന്ന എ.ബി. വിപിനും മോൻസന്റെ പക്കൽ നിന്ന് 1.80 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. 292 സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തു. കോടികളുടെ നിക്ഷേപം ബാങ്കിലുണ്ടെന്നുള്ള രേഖകൾ എങ്ങനെയാണ് ഉണ്ടാക്കിയതെന്ന അന്വേഷണം നടക്കുന്നുണ്ട്. പിടിച്ചെടുത്ത ഇലക്‌ട്രോണിക് തെളിവുകളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ ഉൾപ്പെടെ ആകെ 16 കേസുകളാണ് മോൻസൺ മാവുങ്കലിനെതിരേ നിലവിലുള്ളത്. ഇതിൽ നാല് കേസുകളിൽ അന്തിമറിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 മുതൽ മോൻസൺ ജയിലിലാണ്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!