ചൈനീസ് ചാരക്കപ്പലിനെതിരെ സ്വരം കടുപ്പിച്ച് ഇന്ത്യ; ത്രിശങ്കുവില്‍ ലങ്ക

ഇന്ത്യയുടെ എതിര്‍പ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ ‘യുവാന്‍ വാങ് 5’ ശ്രീലങ്കന്‍ തീരത്തേക്ക് അതിവേഗം അടുക്കുകയാണ്. കപ്പല്‍ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്തേക്ക് എത്തുന്നതില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്. സാമ്പത്തിക പ്രസിസന്ധിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് യുവാന്‍ വാങ് -5 ഹംബന്തോട്ട തുറമുഖത്തെത്തുന്നത്. ഈ മാസം 11-ന് എത്തുന്ന കപ്പല്‍ ഒരാഴ്ച ശ്രീലങ്കന്‍ തുറമുഖത്തുണ്ടാകുമെന്നാണ് വിവരം. ഇന്ധനം നിറയ്ക്കാന്‍വേണ്ടിയാണ് കപ്പല്‍ ലങ്കന്‍ തീരത്ത് എത്തുന്നതെന്നാണ് പറയുന്നതെങ്കിലും ഈ വാദം ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നില്ല. ഇന്ത്യന്മഹാസമുദ്രത്തില് നീരീക്ഷണത്തിനായാണ് കപ്പല്‍ എത്തുന്നതെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെയും ചൈനയുടെയും സഹായവും സഹകരണവും നിര്‍ണായകമാണ്. പ്രതിസന്ധി സമയത്ത് സഹായത്തിനെത്തിയ ഇന്ത്യയേയും സുഹൃത്തായ ചൈനയേയും പിണക്കാതെ അവര്‍ക്ക് തീരുമാനമെടുക്കേണ്ടി വരും. യുവാന്‍ വാങ് – 5 ലങ്കന്‍ തുറമുഖത്ത് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിന്റെ വരവു നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലാണ് ചൈന.

