പീഡനക്കേസ്; കോണ്‍ഗ്രസ് നേതാവ് പി.വി കൃഷ്ണകുമാറിന് ജാമ്യം

കണ്ണൂര്‍: പീഡന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിന് ജാമ്യം. തലശ്ശേരി സി ജെ എം കോടതിയാണ് കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത്. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറാണ് പി വി കൃഷ്ണകുമാര്‍. ജൂലൈ 20 നാണ് കൃഷ്‌ണകുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് കൃഷ്‌ണകുമാര്‍. എസിപി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
കൃഷ്ണകുമാര്‍ സംസ്ഥാനം വിട്ടെന്ന് ഉറപ്പായതോടെ നേരത്തെ തന്നെ തമിഴ്നാട്ടിലും കര്‍ണാടകയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായിരുന്നു. ഇടതു വനിത സംഘടനകളടക്കം കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജി വെപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി കോര്‍പ്പറേഷന്‍ ഓഫീസ് ധര്‍ണ നടത്തുകയും ചെയ്തു. എന്നാല്‍ കൃഷ്ണകുമാര്‍ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ല.

