KSDLIVENEWS

Real news for everyone

റിഫ മെഹ്‍നുവിന്‍റെ മരണം; ഭര്‍ത്താവ് മെഹ‍്നാസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

SHARE THIS ON

കോഴിക്കോട്: വ്ലോഗര്‍ റിഫ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മെഹ‍്നാസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയ മെഹ്നാസിന്‍റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ പോക്സോ കേസില്‍ അറസ്റ്റിലായ മെഹ്നാസ് റിമാന്‍ഡില്‍ ആണ്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള പ്രൊഡക്ഷന്‍ വാറന്‍റ് ലഭിച്ചതിന് ശേഷം താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തും.

റിഫയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. റിഫയുടെ കഴുത്തില്‍ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തൂങ്ങിമരിച്ചപ്പോള്‍ കയര്‍ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് മെഹ്നാസിന്‍റെ ശാരീരക മാനസിക പീഡനത്തെ തുടര്‍ന്നാണ് റിഫ മരിച്ചതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ദുബൈയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചതെന്നാണ് മെഹ്നാസ് പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ റിഫയുടെ മരണത്തില്‍ മെഹ്നാസിന്‍റെ പങ്കിനെക്കുറിച്ചുള്ള സംശയം വര്‍ധിച്ചു. മരണത്തിന് ശേഷം തിരിച്ചുപോയ മെഹ്നാസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിഫയുടെ കുടുംബം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!