KSDLIVENEWS

Real news for everyone

പുതിയ യാത്ര മാര്‍ഗം പറയുന്നവര്‍ തകര്‍ന്ന റോഡ് കാണണം -ഹൈകോടതി

SHARE THIS ON

കൊച്ചി: പുതിയ യാത്ര മാര്‍ഗങ്ങളെക്കുറിച്ച്‌ നിരന്തരം പറയുന്നവര്‍ തകര്‍ന്നുകിടക്കുന്ന പഴയ മാര്‍ഗങ്ങളും കാണണമെന്ന് ഹൈകോടതി. മഴ വന്നാല്‍ കുടയെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, മഴ വന്നാല്‍ കുഴിയാണ് ഇവിടെ. റോഡുകള്‍ തകര്‍ന്നതിന് എന്‍ജിനീയറെ വിളിച്ചു വരുത്തേണ്ടി വന്നാല്‍ ഹൈകോടതിക്ക് സമീപം ഒരു കെട്ടിടം വാടകക്കെടുത്ത് പൊതുമരാമത്ത് ഓഫിസാക്കേണ്ടി വരുന്ന അവസ്ഥയാണ്.

കുഴി കണ്ടെത്തി നികത്താന്‍ കഴിയില്ലെങ്കില്‍ ബില്ല് പാസാക്കാന്‍ മാത്രമായി എന്തിനാണ് എന്‍ജിനീയര്‍മാര്‍. ട്രഷറിയിലെ പണത്തേക്കാള്‍ ജീവന് വിലയുള്ളതിനാല്‍ ഫണ്ടില്ലെന്ന പതിവ് പല്ലവി ഇനി വേണ്ടെന്നും കോടതി വ്യക്തമാക്കി. തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ഹൈകോടതിയിലെ ഒരു അഭിഭാഷകന്‍ ഒരു പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ റോഡ് തകര്‍ന്നതിനെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ ‘ന്നാ താന്‍ കേസു കൊടുക്കെന്ന്’ പരിഹസിച്ച്‌ സംസാരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ പെരുമാറരുത്. കേസെടുക്കാനും അത്തരക്കാരെ നേര്‍വഴിക്ക് നടത്താനും കോടതിക്ക് അറിയാമെന്നും ഹൈകോടതി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!