റെയ്ഡിനെതിരെ പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍; നിശബ്ദമാക്കാനുള്ള നീക്കമെന്ന് നേതാക്കള്‍

കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ എന്‍.ഐ.എ, ഇ.ഡി റെയ്ഡിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പ്രതിഷേധം നടക്കുന്നത്. ഇ.ഡി ഗോബാക്ക്, എന്‍.ഐ.ഐ ഗോബാക്ക് വിളികളോടെയാണ് പ്രതിഷേധം.
റെയ്ഡിനെതിരെ പ്രതിഷേധിക്കാന്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി ആഹ്വാനം ചെയ്തിരുന്നു. നടപടി ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം തുടങ്ങിയവരുടേയും സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടേയും ജില്ലാ- പ്രാദേശിക നേതാക്കളുടേയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
ദേശീയ ചെയര്മാന് ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, മുന്‍ ചെയര്മാന് ഇ അബൂബക്കര്‍, മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയംഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ്.
കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂര്‍ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍.ഐ.എയുടേയും ഇ.ഡിയുടേയും റെയ്ഡ് നടന്നത്.

