പോപ്പുലർ ഫ്രണ്ട് റെയ്ഡ്; തീരുമാനം 2 മാസം മുൻപ്, സ്ഥലങ്ങൾ മൂന്ന് ആഴ്ച നിരീക്ഷിച്ചു

കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റെ ഉന്നതതലത്തിലുണ്ടായത് 2 മാസം മുൻപാണ്. അതിനുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), സംസ്ഥാന പൊലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണു പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്. നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു.
സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ 3 ആഴ്ച നിരീക്ഷിച്ച ശേഷമാണ് ഇന്നലെ പുലർച്ചെയോടെ പരിശോധന തുടങ്ങിയത്. സംസ്ഥാന പൊലീസിനെ ഒഴിവാക്കി സിആർപിഎഫ് സംഘത്തെയാണു സുരക്ഷാ ചുമതല ഏൽപിച്ചത്.

