വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചു

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റു. ആശുപത്രിയിൽ എത്തിയ ഒരു സംഘം വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാഗത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മർദ്ദനം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിയ വിദ്യാർഥിസംഘം ഡോക്ടറെ കാഷ്വാലിറ്റിയിൽ നിന്ന് വലിച്ച് പുറത്തിറക്കി അടിച്ചത് .
എന്നാൽ ഇന്നലെ വിദ്യാർഥിനികൾ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയതാണെന്നും പരാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പരിശോധനാസമയത്ത് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർ അടുത്തുണ്ടായിരുന്നുതായും ആശുപത്രി അധികൃതർ അറിയിച്ചു.

