KSDLIVENEWS

Real news for everyone

ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രം; ജ്വലിതസ്മൃതിയായി കോടിയേരി

SHARE THIS ON

കണ്ണൂർ ∙ കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമകളിലെ അഗ്നിസ്മൃതി. പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന നാളങ്ങൾ ഏറ്റുവാങ്ങി. നേതാക്കളും ആയിരക്കണക്കിനു സിപിഎം പ്രവർത്തകരുമുൾപ്പെടെയുള്ള ജനസമുദ്രത്തിൽനിന്ന് ഇരമ്പിയുയർന്ന അഭിവാദ്യ മുദ്രാവാക്യങ്ങൾ‌ക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു. ആയിരങ്ങളുടെ നെഞ്ചുനീറിയുയർന്ന, ഇടയ്ക്കിടെ ഇടറിപ്പോയ ലാൽസലാം വിളികൾക്കിടയിലൂടെ, ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.

ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!