വടക്കാഞ്ചേരി അപകടം: ആദ്യം കണ്ട കാഴ്ച ഞെട്ടിച്ചു; ഒരാള്‍ മരിച്ചു കിടക്കുന്നു, ഒരാളുടെ കൈ അറ്റിട്ടുണ്ട്

പാലക്കാട്: അപകടം നടന്നതിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങി നോക്കുമ്പോള്‍ ചലനമറ്റുപോകുന്ന കാഴ്ചയാണ് കണ്ടതെന്ന് കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍. ‘പെട്ടെന്നുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ ബസില്‍ നിന്ന് റോഡിലേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഒരാള്‍ മരിച്ചു കിടക്കുന്നതാണ്. ഒരാളുടെ കൈ അറ്റു പോയിട്ടുണ്ട്. ചിലരുടെ കാലുകള്‍ അറ്റുതൂങ്ങി കിടക്കുന്നു….’ അപകടത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ താന്‍ കണ്ട കാഴ്ച വിശദീകരിക്കുമ്പോള്‍ മുഖത്ത് ഞെട്ടല്‍ മാഞ്ഞിരുന്നില്ല.
വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്.
‘വടക്കഞ്ചേരിയില്‍ ആളെ ഇറക്കി വരികയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ വന്ന് ഒരു ബസ് ഇടിക്കുന്നത്. ഇടിച്ച ശേഷം നിയന്ത്രണം വിട്ട് 400 മീറ്ററോളം അകലെ ചെന്ന് ടൂറിസ്റ്റ് ബസ് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ എന്റെ കൈയില്‍ നിന്നും സ്റ്റിയറിങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ ബസും മറിയേണ്ടതായിരുന്നു. എന്തോ ഒരു ഭാഗ്യത്തിന് പെട്ടെന്ന് ബ്രേക്കിട്ട് ചവിട്ടി നിര്‍ത്താനായി’ കെഎസ്ആര്‍സി ബസിന്റെ ഡ്രൈവര്‍ പറഞ്ഞു.

