ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞു. അപകടം നടക്കുന്ന സമയത്ത് അഞ്ച് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെത്തി ബോട്ടിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ‘ഹരിശ്രീ’ എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഏകദേശം നാലു നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചപ്പോഴേക്കും എഞ്ചിന് തകരാറിലായി. പിന്നീട് കാറ്റടിച്ച് കരയിലേയ്ക്ക് നീങ്ങവെ പാറക്കെട്ടിലിടിച്ച് മറിയുകയായിരുന്നു. പകുതിയോളം മുങ്ങിയ നിലയിലാണ് ഇപ്പോള്‍ ബോട്ട്.
കോടയായിരുന്നതിനാല് ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. ചുറ്റും പാറയായതിനാല്‍ വേറെ ബോട്ട് കൊണ്ടുവന്ന് അപകടത്തില്‍പ്പെട്ട ബോട്ട് കെട്ടിവലിച്ച് കൊണ്ടുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളി ചൂണ്ടിക്കാട്ടി.

