നമസ്കരിക്കാനെത്തിയവരെ ആക്രമിച്ചു; ഗുരുഗ്രാമില്‍ ആള്‍ക്കൂട്ടം പള്ളി തകര്‍ത്തതായി റിപ്പോര്‍ട്ട്

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഭോറ കാലന് ഏരിയയില്‍ ആള്‍ക്കൂട്ടം പള്ളി തകര്‍ത്തതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു ഡസനോളം പേര്‍ക്കെതിരെ കേസെടുത്തതായും ‘ഇന്ത്യാ ടുഡെ’ റിപ്പോര്‍ട്ട് ചെയ്തു ബുധനാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയില്‍ നമസ്കരിക്കാനെത്തിയവരെ അക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികള്‍ പ്രദേശത്തെ പള്ളി തകര്‍ത്തതായും പൊലീസ് എഫ്ഐആറില്‍ പറയുന്നു.
നാല് മുസ്ലിം കുടുംബങ്ങള്‍ മാത്രമാണ് ഭോറാ കാലന് ഏരിയയില്‍ താമസിക്കുന്നതെന്ന് പൊലീസില്‍ പരാതി നല്കിയ സുബേദാര്‍ നാസര്‍ മുഹമ്മദ് പറഞ്ഞു. ബുധനാഴ്ച തങ്ങള്‍ നമസ്കരിക്കാനായി പള്ളിയിലെത്തിയപ്പോള്‍ ഏതാനും ആളുകള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഇനി ഇവിടെ താമസിക്കരുതെന്നും പ്രദേശം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തിയെന്നും നാസര്‍ മുഹമ്മദ് പറഞ്ഞു.
ഐപിസി സെക്ഷന്‍ 295-എ (മനപ്പൂര്‍വം മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍), 323 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 147 (കലാപമുണ്ടാക്കല്‍), 148 (ആയുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രതികളായ രാജേഷ് ചൗഹാന്, അനില്‍ ഭദൗരിയ, സഞ്ജയ് വ്യാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

