KSDLIVENEWS

Real news for everyone

പാലാ നഗരസഭ ഭരണം: സി.പി.എമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം

SHARE THIS ON

പാലാ നഗരസഭ ഭരണത്തെ ചൊല്ലി സി.പി.എമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ധാരണ കേരള കോണ്‍ഗ്രസ് എം പാലിച്ചില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. എന്നാല്‍ ധാരണ പ്രകാരം മുന്നോട്ട് പോകുമെന്ന് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്. കേരള കോണ്‍ഗ്രസ് എമ്മിന് 10 സീറ്റും സി.പി.എമ്മിന് 6 സീറ്റും സി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് ഒരു വര്‍ഷം സി.പി.എമ്മിനും അവസാന രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസിനും എന്നായിരുന്നു. എന്നാല്‍ സി.പി.എമ്മിന്‍റെ ഒരു വര്‍ഷം കൂടി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ നേതാക്കള്‍ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.

കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വലിയ അഭിപ്രായ വ്യത്യാസമാണ് ഉള്ളത്. പക്ഷേ ജില്ലാ നേതാക്കള്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നാണ് പ്രതികരിക്കുന്നത്. സി.പി.എമ്മില്‍ നിന്നും കൗണ്‍സിലറായ ബിനു പുളിക്കണ്ടത്തിനാണ് ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടത്. ഇയാളോടുള്ള അവമതിപ്പാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നഗരസഭാ ഹാളില്‍ സി.പി.എം – കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടായതിന്റെ ബാക്കിപത്രം കൂടിയാണ് ഈ തര്‍ക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയുണ്ടായ പടലപ്പിണക്കം ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!