ഓടുന്ന കാറിന് മുകളില്‍ ‘ദീപാവലി വെടിക്കെട്ട്’; വിഡിയോ വൈറല്‍, മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ പടക്കം പൊട്ടിക്കുന്ന വിഡിയോ വൈറലായതോടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നകുല്‍, ജതിന്‍, കൃഷ്ണ എന്നീ മൂന്ന് യുവാക്കളാണ് പിടിയിലായത്. ഹരിയായിലെ ഗുരുഗ്രാമില്‍ ഒക്ടോബര്‍ 24ന് ദീപാവലി ദിനത്തിലെ രാത്രിയാണ് സംഭവം.
റോഡിലൂടെ ഓടുന്ന കറുപ്പ് നിറത്തിലുള്ള സെഡാന്‍ മോഡല്‍ കാറിന്‍റെ ബൂട്ടിന്‍റ മുകളിലായാണ് പെട്ടിയിലുള്ള പടക്കം പൊട്ടുന്നത്. ഡി.എല്‍.എഫ് പേസ് മൂന്നിലേക്ക് കാര്‍ നീങ്ങുന്നതാണ് വിഡിയോയിലുള്ളത്.മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. തുടര്‍ന്ന്, വൈറലായ വിഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി ഉപയോക്താക്കള്‍ പൊലീസിനോട് സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ദീപാവലിക്ക് മുന്നോടിയായി, ഗുരുഗ്രാം ജില്ല കളക്ടര്‍ നിശാന്ത് കുമാര്‍ യാദവ് പടക്കങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനക്കും ഉപയോഗത്തിനും സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ മുഴുവന്‍ നിരോധനം ബാധകമാണെന്നും 2023 ജനുവരി 31 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്നും ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍.ജി.ടി) ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഉത്തരവ് പ്രകാരമാണ് ഇതെന്നും കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്തായിരുന്നു തീരുമാനം.മലിനീകരണം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് ജില്ല കളക്ടര്‍ ഉദ്ധരിച്ചു. ഒക്ടോബറിനും ജനുവരിക്കും ഇടയില്‍ സംസ്ഥാനത്ത് മലിനീകരണ തോത് ഗണ്യമായി വര്‍ധിക്കുമെന്നും ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ബോര്‍ഡിന്‍റെ ഉത്തരവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

