KSDLIVENEWS

Real news for everyone

പൗരത്വ ഭേദഗതി ഹരജികള്‍ പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്ക് മാറ്റി; ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷം പരിഗണിക്കും

SHARE THIS ON

ത്രിപുര, അസം സംസ്ഥാനങ്ങള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നു സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഭൂമിശാസ്ത്രം, മതപരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളായി ഹരജികളെ തരംതിരിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. സി.എ.എ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് 232 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.

2020 ജനുവരിയില്‍ കേസ് പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറുപടി തേടിയിരുന്നു. അന്ന് സമര്‍പ്പിച്ച 129 പേജുള്ള സത്യവാങ്ങ്മൂലത്തില്‍ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും പാര്‍ലമെന്‍റില്‍ പാസാക്കിയ നിയമം കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം ഹര്‍ജി പരിഗണിച്ച കോടതി വിശദവാദങ്ങള്‍ പരിഗണിക്കേണ്ട വിഷയങ്ങളും എഴുതി നല്‍കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് 2019ലെ പൗരത്വ ഭേദഗതി നിയമം. 2019 ഡിസംബര്‍ 12നാണ് നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്. 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറങ്ങി.

എന്നാല്‍, നിയമഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം വിരുദ്ധ നീക്കവുമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത മോദി സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് നിരവധി പേര്‍ കോടതിയിലുമെത്തി. ഇന്ത്യന്‍ യൂനിയന്‍ മുസ്‍ലിം ലീഗാണ് നിയമത്തിനെതിരെ ആദ്യമായി സുപ്രിംകോടതിയില്‍ ഹരജി നല്‍കുന്നത്. നിയമഭേദഗതിയിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി പിന്നീട് നിരവധി കക്ഷികള്‍ കോടതിയിലെത്തി. ഡി.എം.കെ, അസം ജന പരിഷത്ത്, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തുടങ്ങിയ പാര്‍ട്ടികളും അസദുദ്ദീന്‍ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഹരജിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!