ജോഡോ യാത്രയില്‍ KGF 2-ലെ ഗാനം; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവ്

ബെംഗളൂരു: കോണ്‍ഗ്രസ്സിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍ക്കാലികമായി ബ്ലോക്കുചെയ്യണമെന്ന് ബെംഗളുരൂ കോടതിയുടെ ഉത്തരവ്. കെ.ജി.എഫ്.-2 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്.ടി. മ്യൂസിക് നല്കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി.
കെ.ജി.എഫ്.-2ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെയുമാണ് കമ്പനി നേരത്തെ പരാതി നല്‍കിയിരുന്നത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ADVERTISEMENT
നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്.ടി. മ്യൂസിക്കിന്റെ അഭിഭാഷകന് പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

