KSDLIVENEWS

Real news for everyone

പെരിയ ദേശീയപാതയിലെ അടിപ്പാത തകര്‍ന്നത് കോണ്‍ക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടര്‍ന്ന്’; എന്‍ഐടി സംഘം ദേശീയപാത അതോറിറ്റിക്ക് റിപോര്‍ട് കൈമാറി

SHARE THIS ON

കാസര്‍കോട്: പെരിയ ദേശീയപാതയിലെ അടിപ്പാത തകര്‍ന്നത് കോണ്‍ക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടര്‍ന്നാണെന്ന് ഇതേ കുറിച്ച്‌ അന്വേഷണം നടത്തിയ എന്‍ഐടി സംഘം ദേശീയപാത അതോറിറ്റിക്ക് റിപോര്‍ട് നല്‍കി. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തട്ടിന് ബലക്കുറവ് ഉണ്ടായതായി എന്‍ഐടിയുടെ റിപോര്‍ടില്‍ പറയുന്നു. കോണ്‍ക്രീറ്റിന്റെ ഭാരം താങ്ങാനുള്ള ശേഷി തട്ടിനുണ്ടായിരുന്നില്ലെന്നും ഇനിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം തട്ടുകള്‍ ഒഴിവാക്കമെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

പാലത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന കോണ്‍ക്രീറ്റിനെ താങ്ങിനിര്‍ത്തുന്ന സ്‌കഫോള്‍ഡിങ്ങ് ആണ് അപകടത്തിന് കാരണമെന്ന് പിഡബ്യുഡി വിഭാഗം പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപോര്‍ടാണ് എന്‍ഐടിയും കൈമാറിയിരിക്കുന്നത്. മറ്റു ചില നിര്‍ദേശങ്ങളും റിപോര്‍ടില്‍ സൂചിപ്പിച്ചുണ്ട്. തൂണുകള്‍ തെന്നി മാറാന്‍ നേരത്തെ നടത്തിയ സ്‌കഫോള്‍ഡിങ്ങ് സംവിധാനം കാരണമായിട്ടുണ്ട്. സാംപിള്‍ പരിശോധനയുടെ ഫലം വരുന്നത് വരെ സംഭവ സ്ഥലത്തുപയോഗിച്ച സ്‌കഫോള്‍ഡിങ്ങ് മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് പകരം ഏത് തരത്തിലുള്ള സംവിധാനം കോണ്‍ക്രീറ്റിങ്ങിന് ഉപയോഗിക്കണമെന്ന് വിദഗ്ധ സംഘം റിപോര്‍ടില്‍ പറഞ്ഞിട്ടില്ല.

സൂറത്കല്‍ എന്‍ഐടിയിലെ അധ്യാപകരടങ്ങുന്ന വിദഗ്ധ സംഘമാണ് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ റിപോര്‍ട് തയ്യാറാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പെരിയ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാത തകര്‍ന്ന് വീണത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഒരു തൊഴിലാളിക്ക് മാത്രമാണ് അപകടത്തില്‍ ചെറിയ രീതിയിലുള്ള പരിക്ക് സംഭവിച്ചത്. സംഭവം നടക്കുമ്ബോള്‍ ഏഴിലധികം തൊഴിലാളികള്‍ വര്‍ക് സൈറ്റിലുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘാ കണ്‍സ്ട്രക്ഷന്‍ കംപനിയാണ് ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. സംഭവത്തില്‍ കംപനി അധികൃതര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!