കോവിഡ്കാല തളർച്ചയിൽനിന്ന് കരകയറുന്നു; കേരളം വളർന്നു, 12.01 ശതമാനം

തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച തളർച്ചയെ കേരള സമ്പദ്‌വ്യവസ്ഥ മെല്ലെ അതിജീവിക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2021-22ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.01 ശതമാനമാണ്.
2020-21 ൽ ഉത്പാദനവും സാമ്പത്തികവിനിമയവും തീരെ കുറഞ്ഞ് സമ്പദ്‍വ്യവസ്ഥ 8.43 ശതമാനമായി ഇടിഞ്ഞിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വർധനയാണ് ഇത്തവണ. ഇത് അന്നത്തെ ദേശീയശരാശരിയായ 8.7 ശതമാനത്തെക്കാൾ വളരെ ഉയർന്നതാണ്.
2019-20ലെ സംസ്ഥാനത്തെ വളർച്ച വെറും 0.9 ശതമാനമായിരുന്നു.
5,73,591.46 കോടിരൂപയാണ് കേരളത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനം. ആളോഹരി വരുമാനമാകട്ടെ 1,62,992 രൂപയായി. ആളോഹരി വരുമാനത്തിലെ വർധന 11.45 ശതമാനമാണ്. മുൻവർഷം ആളോഹരി വരുമാനം 8.88 ശതമാനം കുറഞ്ഞിരുന്നു.

