തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ, പ്രശ്നത്തില്‍ ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം : ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് വിവാദത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത്തില് താന്‍ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോണ്‍ഗ്രസ് ഐക്യതോടുകൂടി മുന്നോട്ട് പോകേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. ശശി തരൂരുമായുള്ള നാളത്തെ കൂടികാഴ്ചയില്‍ സ്വാഭാവികമായും രാഷ്ട്രീയ വിഷയം ചര്‍ച്ചയാകും. അജണ്ട വെച്ചുള്ള ചര്‍ച്ച ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സുധാകരന്റെ ആര്‍എസ്എസ് അനുകൂല വിവാദം പരാമര്‍ശം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന് എപി പ്രതികരിച്ചു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്ബില്‍ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്റ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങള്‍ ഉള്ളിലുള്ളവരാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ലെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ശശി തരൂരിന്റെ വടക്കന്‍ കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ ഇന്നും തുടരുകയാണ് .അന്തരിച്ച പ്രശസ്ത എഴുത്തുകാരന് ടിപി രാജീവന്റെ വീട്ടില്‍ രാവിലെ എത്തിയ തരൂര്‍ മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.
: ‘പാര്ട്ടിക്കാര് തന്നെ തരൂരിനെ കാലുവാരാന്‍ ശ്രമിച്ചു, ആവനാഴിയിലെ എല്ലാം അസ്ത്രവും പ്രയോഗിച്ചു’: ടി പത്മനാഭന്

