KSDLIVENEWS

Real news for everyone

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നത്: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം∙ തലശ്ശേരി  വീനസ് കോർണറിൽ ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടക്കൊലപാതകം നാടിനെ നടുക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണു ബന്ധുക്കളായ നിട്ടൂർ സ്വദേശികളെ കൊലപ്പെടുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ്(52), സഹോദരി ഭർത്താവ് പൂവനായി ഷമീർ(40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഖാലിദ് മത്സ്യത്തൊഴിലാളിയും ഷമീർ ചുമുട്ടുതൊഴിലാളിയുമാണ്. KERALA കെ.എം.ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കരുതെന്ന് സർക്കാർ ലഹരിമരുന്നിനും ലഹരിക്കുമെതിരെ  സർക്കാർ തുടർച്ചയായി ബഹുജന ക്യാംപെയ്‌ൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊലയെന്നും, നാടിനോടുള്ള വെല്ലുവിളിയായി ഇതിനെ കാണണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറയുന്നു. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വിൽപനയെ  ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്.  അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിനു സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും   പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും  പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറയുന്നു.  ഇന്നലെ വൈകുന്നേരം നാലിന് ദേശീയപാതയിൽ വച്ചാണ് സിപിഎം പ്രവർത്തകരായ ഖാലിദിനെയും ഷമീറിനെയും നാലംഗ അക്രമി സംഘം ആക്രമിച്ചത്. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഇവർ മരിച്ചത്. ലഹരി വിൽപനയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നു സംശയിക്കുന്നതായി പൊലീസ് സംഭവത്തിനു പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നിട്ടൂർ സാറാസിൽ ഷാനിബിനെ(29) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ നിട്ടൂർ സ്വദേശികളായ പാറായി ബാബു, ഭാര്യാ സഹോദരൻ ജാ‌ക്‌സൺ, ഫർഹാൻ, നവീൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാറായി ബാബു ഒഴികെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!