ഓൺലൈൻ സേവനങ്ങൾക്ക് പൊന്നുംവില; ആവശ്യത്തിന് അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ, സ്വകാര്യ ഓൺലൈൻ സർവീസ് സെന്ററുകളിൽ അമിത നിരക്ക്

കാസർകോട് ∙ റവന്യു വകുപ്പിലെ ഇ ഡിസ്ട്രിക്ട് സേവനങ്ങൾക്കു ചില ഓൺലൈൻ സെന്ററുകൾ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. ഇ ഡിസ്ട്രിക്ട് അപേക്ഷയ്ക്ക് 25 രൂപയും സ്കാൻ ചെയ്യാനും പ്രിന്റിനും പേജിന് 3 രൂപ വീതവുമാണു സർക്കാർ നിശ്ചയിച്ച ഫീസ്. എന്നാൽ ചില ഓൺലൈൻ സർവീസ് സെന്ററുകളിൽ 60 രൂപയാണ് ഇതിന് ഈടാക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ പരമാവധി 40 രൂപ വാങ്ങുമ്പോഴാണ് ഈ പകൽക്കൊള്ള. ഇതു നിയന്ത്രിക്കേണ്ട അധികൃതർ നിസ്സംഗത തുടരുമ്പോൾ സാധാരണക്കാർക്കാണു നഷ്ടം. വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡിന്റെയും ആധാർകാർഡിന്റെയും ഭൂനികുതി രസീതിന്റെയും പകർപ്പാണു സാധാരണ സ്കാൻ ചെയ്തു സമർപ്പിക്കേണ്ടത്. അപേക്ഷയുടെ കോപ്പിയുടെയും സർട്ടിഫിക്കറ്റിന്റെയും പ്രിന്റ് കൂടി ചേർത്ത് 15 രൂപയും ഫീസ് 25 രൂപയും ചേർത്തുള്ള 40 രൂപയാണ് അക്ഷയ കേന്ദ്രങ്ങളിൽ വാങ്ങുന്നത്. അതേസമയം ഇതിന് 60 വാങ്ങുന്ന ഓൺലൈൻ സർവീസ് സെന്ററുകളിൽ രസീത് പോലും നൽകുന്നുമില്ല. റവന്യു വകുപ്പിലെ അമ്പതോളം സർട്ടിഫിക്കറ്റുകൾ ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി ഓൺലൈനായാണ് ഇപ്പോൾ ലഭിക്കുന്നത്. ആവശ്യത്തിന് അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ, നിലവിലുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്കാണു പലപ്പോഴും അനുഭവപ്പെടുന്നത്. ഇതിൽ നിന്നു രക്ഷ നേടാനാണ് ആളുകൾ സ്വകാര്യ ഓൺലൈൻ സർവീസ് സെന്ററുകളെ ആശ്രയിക്കുന്നത്. അമിത നിരക്കാണ് ഇവിടെ നൽകേണ്ടി വരുന്നതെന്ന് ആളുകൾ അറിയാറുമില്ല. സേവന നിരക്ക് പ്രദർശിപ്പിക്കണമെന്നു ചട്ടമുണ്ടെങ്കിലും അതും ലംഘിക്കപ്പെടുന്നു.

