ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം: പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

തിരുവവന്തപുരം∙ നിയമസഭയിൽ ഭരണപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സ്പീക്കർ എ.എൻ.ഷംസീർ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങൾ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്പീക്കർ, ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
‘‘ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്’ – സ്പീക്കർ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തിന് ഭയമായതിനാലാണ് സംസാരിക്കാൻ അനുവദിക്കാത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. ‘ഇത് എന്താണ് സർ? സംസാരിക്കാൻ അനുവദിക്കുന്നില്ല. നിങ്ങൾക്ക് ഭയമാണ്. കേരളത്തിലെ പ്രതിപക്ഷത്തെ നിങ്ങൾക്ക് ഭയമാണ്. ഞങ്ങൾ ഇനിയും പറയും. ഞങ്ങൾ ഇനിയും നിങ്ങളെ ചോദ്യം ചെയ്യും’ – ഭരണകക്ഷി അംഗങ്ങളുടെ ബഹളത്തിനിടെ സതീശൻ പറഞ്ഞു.

