KSDLIVENEWS

Real news for everyone

മതനിരപേക്ഷതയിൽ വെള്ളംചേർക്കാതെ ആഗോളവൽകരണ വിരുദ്ധനിലപാട് സ്വീകരിച്ചാൽ ലീഗിനെ കൂടെക്കൂട്ടാം- ഗോവിന്ദൻ,

SHARE THIS ON

തിരൂർ: മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കാതെ ആഗോളവത്കരണ-കുത്തകവിരുദ്ധ നിലപാട് സ്വീകരിച്ചാൽ മുസ്‌ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലീഗിന്റെ നിലവിലെ നയപരിപാടികൾ അംഗീകരിക്കാനാവില്ലെന്നും ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരിലെത്തിയ അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ലീഗിൽ വർഗീയതയെ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ടെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം മതനിരാസത്തെ സി.പി.എം. അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. മതത്തെ അംഗീകരിക്കുന്നു. ലീഗ് വിട്ടാൽ യു.ഡി.എഫ് ഇല്ല. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാനും കഴിയില്ല. അബ്ദുന്നാസർ മദനിക്ക് വിദഗ്ധചികിത്സ നൽകുന്ന കാര്യത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ആശയപരമായി പാർട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മദനിക്ക് ഫലപ്രദമായ ചികിത്സ നൽകണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാലാ ഭരണം സുഗമമാക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയ നടപടി പ്രതിഷേധാർഹമാണ്. ഗവർണർ ചട്ടവിരുദ്ധമായാണ് മുന്നോട്ടുപോകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം തടയുന്നതിന് സമാനമാണ് ഗവർണറുടെ നടപടി. പ്രതിപക്ഷ കക്ഷികളുടെ ഭരണത്തിൽ കേരളം മുന്നേറരുതെന്നത് ആർ.എസ്.എസിന്റെ നയമാണ്. പ്രതിപക്ഷമുക്ത ഭാരതമാണ് എന്നും ആർ.എസ്.എസ്.-ബി.ജെ.പി. അജണ്ട. മന്ത്രിമാരെ ജയിലിലടച്ചാണ് ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു. ജനങ്ങൾ അംഗീകരിക്കാത്ത, തെറ്റായ ഒന്നിനെയും സി.പി.എം. അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ജാഥാ മാനേജർ പി.കെ. ബിജു, ജെയ്‌ക്ക്‌ സി. തോമസ്, വി. ശശികുമാർ, ഇ. ജയൻ, അഡ്വ. പി. ഹംസക്കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!