കാസർകോട് മണ്ഡലത്തിലെ വികസന മുരടിപ്പ്: ബി.ജെ.പി. പ്രതിഷേധിച്ചു

കാസർകോട് : മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേ ബി.ജെ.പി. കാസർകോട് മണ്ഡലം കമ്മിറ്റി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനംചെയ്തു. എം.എൽ.എ. സ്വകാര്യ ആസ്പത്രികളുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ ജനറൽ ആസ്പത്രിയിൽ വരെ ചികിത്സാസൗകര്യങ്ങൾ പരിമിതമാണ്. പത്തുവർഷം മുൻപ് നിർമാണം തുടങ്ങിയ ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തത് സ്വകാര്യ ആസ്പത്രി ലോബികളെ സഹായിക്കാനാണ്. ഇതേസമയം നിർമാണം തുടങ്ങിയ കോന്നി, പാലക്കാട് മെഡിക്കൽ കോളേജുകൾ പ്രവർത്തനംതുടങ്ങിയിരിക്കുന്നു. മാറിമാറി ഭരിച്ച മുന്നണികൾ കാസർകോടിനെ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എ. വേലായുധൻ, എം. ജനനി, മനുലാൽ മേലത്ത്, എൻ. മധു, സൗമ്യ മഹേഷ്, ധനഞ്ജയൻ മധൂർ, കെ.പി. സമ്പത് കുമാർ, കെ. ഈശ്വരൻ എന്നിവർ സംസാരിച്ചു

