പുകഞ്ഞ് കൊച്ചി: പലരും ചികിത്സതേടി; N95മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം, അസുഖമുള്ളവര്‍ പുറത്തിറങ്ങരുത്

അമ്പലമേട് : തീപ്പിടിത്തത്തെ തുടർന്നുള്ള പുകമൂലം ബ്രഹ്മപുരത്തും പരിസരത്തുമുള്ളവർ ശ്വാസംമുട്ടിയാണ് കഴിയുന്നത്. ഇരുമ്പനം, എരൂർ, അമ്പലമുകൾ, ഹിൽപാലസ്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് പുകശല്യം രൂക്ഷമായിട്ടുള്ളത്. ബ്രഹ്മപുരം പ്രദേശത്ത് നിരവധിപ്പേരാണ് ചുമയും വലിവും ശ്വാസംമുട്ടലുമായി ചികിത്സ തേടിയത്. ബ്രഹ്മപുരം സി.എച്ച്.സി. വായനശാലയിൽ നടത്തിയ ക്യാമ്പിൽ 10 പേർ ചികിത്സ തേടി. ഇതിൽ രണ്ട് പേരെ വടവുകോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇരുമ്പനം പേടിക്കാട്ടുതുരുത്ത് പ്രദേശത്ത് നിരവധി പേർക്ക് ശ്വാസംമുട്ടലും തലവേദനയും അനുഭവപ്പെട്ടു. പ്രദേശത്ത് അനൂപ് ജേക്കബ് എം.എൽ.എ. സന്ദർശനം നടത്തി. അമ്പലമുകൾ ഗ്രിഗോറിയോസ് ചാപ്പലിൽ കുർബാന മധ്യേ പലർക്കും ശ്വാസംമുട്ടും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് സൺഡേ സ്കൂളിനുൾപ്പെടെ അവധി പ്രഖ്യാപിച്ചു. മുൻകരുതലായി എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകളും തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയിൽ 20 കിടക്കകളും മെഡി. കോേളജ് ആശുപത്രിയിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ എൻ-95 മാസ്ക് ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. അഗ്നിരക്ഷാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജൻ പാർലറുകൾ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പൾമണോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്‌സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബി.പി.സി.എല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു

