KSDLIVENEWS

Real news for everyone

ബ്രഹ്‌മപുരത്തെ കരാറുകാര്‍ CPM നേതാക്കളുമായി ബന്ധമുള്ളവര്‍; മനഃപൂര്‍വം തീകൊളുത്തിയത്- സതീശന്‍

SHARE THIS ON

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തില്‍ സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരും അതിന്റെ കീഴിലുള്ള കോര്‍പ്പറേഷനും പ്ലാസ്റ്റിക് കത്തിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. എന്നിട്ട് തീപ്പിടിച്ചതാണെന്ന് പറയുന്നു. ഗൗരവതരമായ അന്വേഷണം നടക്കണം. ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യണം. കോടികളുടെ അഴിമതിയാണ് ബ്രഹ്‌മപുരത്ത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘മാലിന്യസംസ്‌കരണത്തിനുള്ള കരാര്‍ കൊടുത്ത ആളുകള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ഞാനവരുടെ പേരൊന്നും പറയുന്നില്ല. നേതാക്കളുമായി ബന്ധപ്പെട്ടവരുണ്ട്, ബന്ധുക്കളൊക്കെയാണ്. ഇവരൊന്നും അവരുടെ ജോലി ചെയ്തിട്ടില്ല. മാലിന്യം നീക്കം ചെയ്യാനുള്ള പണം വാങ്ങിയിട്ട് ലോഡ് നീക്കം ചെയ്തിട്ടില്ല. ജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടിയിട്ടില്ല. ജൈവ- അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ചിട്ടില്ല. മനഃപൂര്‍വമായി തീകൊടുത്തിയിരിക്കുകയാണ്‌. ഇപ്പോള്‍ കരാര്‍ പുതുക്കേണ്ട സമയമാണ്. അവിടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം, തീകൊടുക്കുക എന്നതാണ്.’- വി.ഡി. സതീശന്‍ പറഞ്ഞു. കത്തിച്ചുകളഞ്ഞത് കോണ്‍ട്രാക്ടര്‍മാരാണ്. അതിനെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. മന്ത്രി അന്വേഷണത്തെക്കുറിച്ചല്ല പറയുന്നത്, പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഗൗരവതരമായ അന്വേഷണം നടക്കണമെന്നാണ്‌. ആളുകളോട് പുറത്തിറങ്ങരുതെന്ന് കളക്ടര്‍ ആഹ്വാനം ചെയ്യുകയാണ്. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തിരിക്കുകയാണ്. മന്ത്രി പറയുന്നത് ഗൗരവമുള്ള പ്രശ്‌നമില്ലെന്നാണ്. മുഴുവന്‍ വിഷപ്പുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്ന് ഡോക്ടര്‍മാരടക്കം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. തദ്ദേശമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി ഞങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!